അസ്ത്രമോ ..അതെന്തു കറിയാ ..!!! എന്ന് പലരും ചോദിക്കുന്നത്കേട്ടിട്ടുണ്ട്..കാരണം കേരളത്തിന്റെ എല്ലാ ജില്ലകളിലും ഉള്ളവര്‍ക്ക് അസ്ത്രം എന്ന കറി അറിയാന്‍ സാധ്യതയില്ല. മലയാളിയ്ക്ക് മറക്കാനാവാത്ത രുചികളില്‍ മറ്റൊന്നാണ് മണ് ചട്ടിയില്‍ വെയ്ക്കുന്ന ചൂടു കഞ്ഞിയും ചൂടു അസ്ത്രവും.ചേമ്പ്, ചേന, വെള്ളരിക്ക,ചക്ക മടല്,കാച്ചില് ,ഏത്തയ്ക്ക എന്നിങ്ങനെ വിവിധ തരം പച്ചക്കറികള്‍ ചേര്‍ത്തു അസ്ത്രം ഉണ്ടാക്കാം.ചില ജില്ലകളില്‍ ഈ കറിയില്‍ കുടമ്പുളിയും/ തൈരും ചേര്‍ക്കുന്നത് കണ്ടിട്ടുണ്ട്.
ഞാന്‍ ഇവിടെ പോസ്റ്റ് ചെയ്യുന്നത് പത്തനംതിട്ടക്കാരുടെ രീതിയാണ് കേട്ടോ.അതില്‍ പുളിരുചി കിട്ടാന്‍ ഒന്നും ചേര്‍ക്കുകയില്ല . .പത്തനംതിട്ടയില്‍ പല സ്ഥലങ്ങളിലും കഞ്ഞിയും അസ്ത്രവും ബ്രേക്ഫാസ്റ്റ് ആയി കഴിയ്ക്കാറുണ്ട്.അപ്പോള്‍ ഇനി നിങ്ങളും അസ്ത്രം ഉണ്ടാക്കി നോക്കൂ.
Ingredients |
|
ചേമ്പ് |
ചെറിയ ചേമ്പ്,ആറേഴു എണ്ണം |
കാച്ചില് |
ഒരു വലിയ കഷണം |
കാശ്മീരി മുളകു പൊടി |
1 ടീസ്പൂണ്‍ |
മഞ്ഞള്‍ പൊടി |
1/2 ടീസ്പൂണ്‍ |
ജീരകം |
ഒരു നുള്ള് |
തേങ്ങാ ചിരകിയത് |
ഒരു മുറി |
വറ്റല്‍ മുളക് |
3 എണ്ണം |
ചുവന്നുള്ളി |
3 എണ്ണം |
കറി വേപ്പില |
2 കതിര് |
ഉപ്പ് | പാകത്തിന് |
ഉണ്ടാക്കുന്ന വിധം
മണ്‍ചട്ടിയില്‍ ഈ കറി വയ്ക്കുന്നതാണ്കൂടുതല് രുചി. മണ്‍ചട്ടി ഇല്ലെങ്കില്‍ നിങ്ങള്‍ വിഷമിയ്ക്കേണ്ട,നമുക്ക് നമ്മുടെ ചീനച്ചട്ടിയോ പാനോ ആയാലും മതി.
ചേമ്പും കാച്ചിലും തൊലി കളഞ്ഞു നന്നായി വൃത്തിയായി കഴുകി ചെറിയ കഷണങ്ങളായി ആവശ്യത്തിനു വെള്ളവും ഒരു ടീസ്പൂണ്‍ മുളക് പൊടിയും ഒരു നുള്ള് മഞ്ഞള്‍പ്പൊടിയും പാകത്തിന് ഉപ്പും ചേര്‍ത്തു ഏകദേശം 15 മിനിട്ട് വേവിയ്ക്കുക,
ഇനി മിക്സറില് തേങ്ങാ ചിരകിയതും ജീരകവും കൂടി നന്നായി അരച്ചെടുക്കുക.
ചേമ്പും കാച്ചിലും വെന്തോന്നു നോക്കുക.വെന്തെങ്കില്‍ തേങ്ങാ അരച്ചതും കുറച്ചു വെള്ളവും കൂടി ചേര്‍ത്തു അതിലേയ്ക്ക് ഒഴിയ്ക്കുക ,ഇനി രണ്ടു മൂന്നു മിനിട്ട് ഒന്ന് തിളയ്ക്കാന്‍ അനുവദിയ്ക്കുക.
ഇനി ഒരു ചീനച്ചട്ടിയില്‍ കടുകും വറ്റല്‍മുളകും ചുവന്നുള്ളിയും കറി വേപ്പിലയും താളിച്ചു കറിയിലേക്ക് ഒഴിയ്ക്കുക.തവി ഇടാതെ പാത്രം ചുറ്റിച്ചു യോജിപ്പിക്കുക..ചൂടു കഞ്ഞിയുടെ കൂടെ കഴിയ്ക്കാം .
ടിപ്സ്:
അസ്ത്രം കഞ്ഞിയുടെ കൂടെ ആണ് ഉത്തമം ,എന്നാല്‍ ചോറിന്റെ കൂടെയും കഴിയ്ക്കാം.
വേവുന്ന കഷണങ്ങള്‍ നല്ലതു പോലെ അലുത്തുപോകണം എന്നില്ല .
അസ്ത്രം കൂടുതല്‍ കുറുകിയും പോകരുത് ,എന്നാല്‍ ചാറു നീണ്ടും പോകരുത്,ഒരു മീഡിയം പരുവത്തില്‍ വേണമെന്ന് സാരം.